മെറ്റയുടെ വെളിപ്പെടുത്തൽ, ‘ഇറാനിലെ എപിടി 42 ഗ്രൂപ്പുകൾ ബൈഡന്‍റെയും ട്രംപിന്‍റെയും ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചു’

വാഷിങ്‌ടൺ: അമേരിക്കൻ ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് മെറ്റയുടെ വെളിപ്പെടുത്തൽ. പ്രസിഡന്റ്‌ ജോ ബൈഡന്റെയും മുൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെയും ഭരണസമയത്ത്‌ അഡ്മിനിസ്ട്രേഷനുകളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഇറാനിലെ ഹാക്കർമാർ ശ്രമിച്ചതായാണ് മെറ്റ വെളിപ്പെടുത്തിയത്. ഇറാനിലെ ഹാക്കർ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യാനായില്ലെന്നും മെറ്റ പറഞ്ഞു.എന്നാൽ ഇറാൻ ഗ്രൂപ്പുകൾ ഹാക്ക് ചെയ്യാൻ ലക്ഷ്യമിട്ട വ്യക്തികളുടെ പേര് കമ്പനി വെളിപ്പെടുത്തിയില്ല. രാഷ്ട്രീയ രംഗത്തെയും നയതന്ത്ര മേഖലയിലെയും ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവരുടെ വാട്ട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനാണ് ശ്രമമുണ്ടായതെന്ന് മെറ്റ വിശദീകരിച്ചു. നിലവിലെ പ്രസിഡന്റ് ബൈഡന്റെയും മുൻ പ്രസിഡന്റ് ട്രംപിന്റെയും ഭരണസമയത്തെ പല പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈൽ ഫോണുകളിൽ നിരീക്ഷണ സോഫ്‌റ്റ്‌വെയർ സ്ഥാപിക്കുന്നതിന് പേരുകേട്ട ഇറാന്റെ സൈന്യത്തിനുള്ളിലെ ഒരു രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എ പി ടി 42 (A P T 42) എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിന്‌ പിന്നിലെന്ന്‌ മെറ്റ വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാൻ സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഹാക്കിങ് ഗ്രൂപ്പാണ്‌ എ പി ടി 42. കോളുകൾ റെക്കോർഡുചെയ്യാനും സന്ദേശങ്ങൾ മോഷ്ടിക്കാനും ക്യാമറകളും മൈക്രോഫോണുകളും ഓണാക്കാനും എ പി ടി42 ഉപയോഗിച്ച ഹാക്കർ സോഫ്റ്റ്‌വെയർകൊണ്ട് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide