ന്യൂഡല്‍ഹി: ഇടതൂര്‍ന്ന മൂടല്‍മഞ്ഞില്‍ പര്‍വതപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ കാണാതായ ഹെലികോപ്ടറിനെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം. ഞായറാഴ്ച തകര്‍ന്നുവീണ് കാണാതായ ഹെലികോപ്ടറില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയനും ഉണ്ടായിരുന്നുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഇവരടങ്ങുന്ന സംഘം അസര്‍ബൈജാന്‍ അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതിനിടെ സഹായത്തിനായി റഷ്യ 47 റെസ്‌ക്യൂ സ്‌പെഷ്യലിസ്റ്റുകളെയും ഒരു ഹെലിക്കോപ്റ്റും അയക്കുന്നുണ്ടെന്ന് റഷ്യന്‍ അടിയന്തര സാഹചര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ മേഖലയിലെ റെഡ് ക്രസന്റ് മേധാവിയെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെരച്ചില്‍ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്ന ഒരു തുര്‍ക്കി ഡ്രോണിന് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിനെ കുറിച്ച് സൂചന ലഭിച്ചതായി വിവരമുണ്ട്. ഡ്രോണ്‍ എന്തോ കത്തുന്നതായി കണ്ടെത്തിയ ചൂട് പുറത്തുവിടുന്ന പ്രദേശത്തേക്ക് അന്വേഷണ സംഘം രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. തവാല്‍ എന്ന പ്രദേശത്താണ് ലൊക്കേഷനെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രക്ഷാസേന സംഭവസ്ഥലത്തേക്ക് നീങ്ങുന്നതായി ഇറാന്റെ പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, റൈസിക്ക് വേണ്ടി രാജ്യവ്യാപകമായി നടക്കുന്ന പ്രാര്‍ത്ഥനകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി സ്റ്റേറ്റ് ടെലിവിഷന്‍ അതിന്റെ പതിവ് പരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ട്. സ്‌ക്രീനിന്റെ ഒരു കോണില്‍, രക്ഷാപ്രവര്‍ത്തന വീഡിയോയും നല്‍കുന്നുണ്ട്.
AKINCI İHA, İran semalarında İran Cumhurbaşkanı Reisi ve heyetini arama kurtarma çalışmalarına destek veriyor https://t.co/ovXnx13UcY
— AA Canlı (@AACanli) May 19, 2024
മൂന്ന് ഹെലികോപ്റ്ററുകളിലാണ് സംഘം യാത്രപുറപ്പെട്ടത്. അതില്‍ പ്രസിഡന്റ് ഉള്‍പ്പെട്ട സംഘമുണ്ടായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ കാത്തിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ പദ്ധതിയായ ക്വിസ്-ഖലൈസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ അസര്‍ബൈജാനി അതിര്‍ത്തിയില്‍ എത്തിയതായിരുന്നു റൈസി.
63 കാരനായ റൈസി തന്റെ രണ്ടാം ശ്രമത്തില്‍ 2021 ലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അധികാരമേറ്റതു മുതല്‍, അദ്ദേഹം കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുകയും സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുകയും ലോകശക്തികളുമായി തീവ്രമായ ആണവ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.