ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കില്ല എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയ്ക്ക് ഉറപ്പുനൽകിയതായി റിപ്പോർട്ട്. ഇറാന്റെ സൈനിക താവളങ്ങളാണ് ലക്ഷ്യമെന്ന് നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞതായാണ് വിവരം. യുഎസ് മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബെഞ്ചമിൻ നെതന്യാഹുവും ജോ ബൈഡനും ഫോണിലൂടെ സംസാരിച്ചത്. അതിലാണ് ഇറാനിലെ സൈനിക താവളങ്ങൾ തകർക്കാൻ പദ്ധതിയിടുകയാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി അറിയിച്ചത്. സംഭവുമായി ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാഷിങ്ടൺ പോസ്റ്റ് വാർത്ത. ഇസ്രയേലിന്റെ ഇറാൻ ആക്രമണം അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുൻപ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഇസ്രയേലിന് വേണ്ടി അമേരിക്കയുടെ ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ താഡ്, നൽകാനുള്ള തീരുമാനമാണ് നെതന്യാഹുവിന്റെ നിലപാട് മയപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിൽ നെതന്യാഹു, കടുംപിടുത്തതിൽ അയവ് വരുത്തിയതായും പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൂറോളം യുഎസ് സൈനികർക്കൊപ്പം ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനുള്ള സംവിധാനം ഇസ്രയേലിന് കൈമാറുന്നതായി യുഎസ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിലേക്ക് 180 ലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു.
അമേരിക്കയുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും, എന്നാൽ അന്തിമ തീരുമാനം രാജ്യതാത്പര്യം മുൻ നിർത്തിയാകുമെന്നുമാണ് വാർത്തയോട് ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്. അതേസമയം, വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Iran’s nuclear facilities and oil fields will not be attacked Benjamin Netanyahu reportedly assured the US