ഇസ്മായില്‍ ഹനിയയുടെ കൊലപാതകം : ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി

ടെഹ്റാന്‍: ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഹനിയയെ വധിച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമേനിയുടെ ഉത്തരവ് എത്തിയത്.

കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ടെഹ്റാനിലെത്തിയ ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഇസ്രയേല്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ വിദേശത്തുള്ള ശത്രുക്കളെ വധിച്ചതിന്റെ നീണ്ട ചരിത്രമാണ് ഇസ്രായേലിനുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിരവധി ഇറാനിയന്‍ സൈനിക കമാന്‍ഡര്‍മാരെ കൊന്നൊടുക്കി എംബസി വളപ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ ഏപ്രിലില്‍ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിനെതിരെ വിക്ഷേപിച്ചിരുന്നു.

അതേസമയം ഹനിയയുടെ മരണത്തില്‍ ഇറാന്‍ എത്ര ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. യെമന്‍, സിറിയ, ഇറാഖ് എന്നിവയുള്‍പ്പെടെ സഖ്യസേനകളുള്ള ഇറാനില്‍ നിന്നും സംഘടിതമായ ഒരു ആക്രമണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ ഖമേനി, ഇസ്രയേലിനെതിരായ ആക്രമണവും പ്രതിരോധവും ഒരുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ റെവല്യൂഷണറി ഗാര്‍ഡുകളിലെയും സൈന്യത്തിലെയും കമാന്‍ഡര്‍മാരെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്.

ഹനിയേയുടെ മരണത്തെക്കുറിച്ചുള്ള തന്റെ പരസ്യ പ്രസ്താവനയില്‍, ഇറാന്‍ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമേനി സൂചിപ്പിച്ചു. ‘അവന്റെ രക്തത്തിന് പ്രതികാരം ചെയ്യുന്നത് ഞങ്ങളുടെ കടമയാണെന്ന് ഞങ്ങള്‍ കാണുന്നു, കാരണം ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രദേശത്ത് സംഭവിച്ചു, കഠിനമായ ശിക്ഷ’ ലഭിക്കുന്നതിന് ഇസ്രായേല്‍ വേദിയൊരുക്കിയതായും അദ്ദേഹം പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide