ടെഹ്‌റാന്‍: ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ചാരനെന്ന സംശയത്തില്‍ ഇറാന്റെ സൈനിക മേധാവിയെ വീട്ടുതടങ്കലിലാക്കി ചോദ്യം ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ഇറാന്‍ കുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഇസ്മയില്‍ ഖാനിയയെയാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖാനിയെ ഈ മാസം നാല് മുതല്‍ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തില്‍ മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് ഇറാന്‍ മുന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഖാനിയെ വീട്ടുതടങ്കലിലാക്കി ചോദ്യം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിന് പിറകെ ലെബനനിലേക്ക് പോയ ഖാനിയെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുന്‍പ് ഖാനി ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയെയിലായിരുന്നു. ഖാനി വീട്ടുതടങ്കലിലാണെന്നും ഇസ്രയേൽ ചാരനാണെന്ന സംശയത്തില്‍ ചോദ്യം ചെയ്ല്‍ നടക്കുകയാണെന്നുമാണ് ദ സണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2020 ജനുവരിയില്‍ അമേരിക്ക ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഖാനി ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്.