സർവവും ലേസറിന്റെ കളി! ഇറാനും ഹമാസും ഹിസ്ബുള്ളയും അറിയുക; ‘അയൺ ബീം’ സുരക്ഷയിലേക്ക് ഇസ്രയേൽ, അമേരിക്ക സഹായിക്കും

ഇറാന്റെയും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തിരിച്ചടികളെ നേരിടാൻ പുതിയ യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുകയാണ് ഇസ്രയേല്‍. അയണ്‍ ഡോമിനു പിന്നാലെ അയണ്‍ ബീം എന്ന പുതിയ സംവിധാനമാണ് ഇസ്രയേല്‍ സജ്ജീകരിക്കുന്നത്. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ ആക്രമങ്ങള്‍ തടയുന്നതാണ് സംവിധാനം. ആകാശത്തു വെച്ചു തന്നെ മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അയണ്‍ ബീം അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകും. അമേരിക്കയുടെ സഹായത്തോടെയാകും ഇത് പുറത്തിയാക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലേസര്‍ പ്രതിരോധ സംവിധാനമായ അയണ്‍ ബീം അയണ്‍ ഡോമിനും മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ക്കും പൂരകമാകുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. ‘യുദ്ധത്തിന്റെ പുതിയ യുഗ’ത്തിന്റെ വിളംബരം’ എന്നാണ് അയണ്‍ ബീമിന്റെ പ്രഖ്യാപനത്തെ കുറിച്ച് ഇസ്രയേല്‍ വിശേഷിപ്പിച്ചത്.

500 മില്യണ്‍ ഡോളറാണ് അയണ്‍ ബീമിനു വേണ്ടി ഇസ്രയേല്‍ ചെലവഴിക്കുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോം വികസിപ്പിച്ച റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് അയണ്‍ ബീമിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലേസര്‍ കിരണങ്ങള്‍ക്ക് നൂറ് മീറ്റര്‍ മുതല്‍ കിലോമീറ്ററുകളോളം ദൂരെ പറക്കുന്ന വസ്തുക്കളെ തകര്‍ക്കാന്‍ കഴിയും. ഹമാസും ഹിസ്ബുള്ളയും മിസൈല്‍ ആക്രമങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം.