ന്യൂയോർക്ക്: സൗജന്യ നികുതി ഫയലിംഗ് പദ്ധതി സ്ഥിരമാക്കാൻ ഐ ആർ എസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. 2025 ൽ സൗജന്യ നികുതി ഫയലിംഗ് പ്രോഗ്രാം തുടരുമെന്നും അത് പിന്നീട് സ്ഥിരപ്പെടുത്തി വിപുലീകരിക്കുമെന്നുമാണ് ഇന്‍റേണൽ റവന്യൂ സർവീസിൽ നിന്നുള്ള വിവരം. ഡയറക്ട് ഫയൽ എന്നറിയപ്പെടുന്ന ഓൺലൈൻ പ്രോഗ്രാമിന്‍റെ പൈലറ്റ് പതിപ്പ് ഈ വർഷം ആദ്യമാണ് ആരംഭിച്ചത്. ഫെഡറൽ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് ഇത് ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് ഘട്ടം ഘട്ടമായി ഇത് സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്.
2024 നികുതി ഫയലിംഗ് സീസണിൽ 12 സംസ്ഥാനങ്ങളിലെ ചില ലളിതമായ നികുതി റിട്ടേണുകളുള്ള ആളുകൾക്ക് നേരിട്ടുള്ള ഫയൽ ലഭ്യമായിരുന്നു. 140,000 ത്തിലധികം ആളുകൾ ഡയറക്ട് ഫയൽ ഉപയോഗിച്ച് തങ്ങളുടെ ഫെഡറൽ ടാക്സ് റിട്ടേണുകൾ വിജയകരമായി ഫയൽ ചെയ്തിരുന്നു. ഇത് ഐ ആർ എസിന്‍റെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു. ഇതോടെയാണ് സൗജന്യ നികുതി ഫയലിംഗ് പദ്ധതി സ്ഥിരമാക്കാൻ ഐ ആർ എസ് നീക്കം ശക്തമാക്കിയത്. അടുത്ത വർഷം എല്ലാ സംസ്ഥാനങ്ങളിലെയും വാഷിംഗ്ടൺ ഡി സിയിലെയുമടക്കം നികുതിദായകർക്ക് ഈ പദ്ധതി നടപ്പിലാക്കാനാണ് ഐ ആർ എസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള പൈലറ്റ് പ്രോഗ്രാമിനെ ബൈഡൻ ഭരണകൂടം വിജയമായാണ് കണക്കാക്കുന്നത്. പൈലറ്റ് പ്രോഗ്രാമിന് ഇതുവരെ ഏകദേശം 32 മില്യൺ ഡോളർ ചിലവായി. 2025 സാമ്പത്തിക വർഷത്തിൽ ഡയറക്ട് ഫയലിനായി ഏകദേശം 75 മില്യൺ ഡോളർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ആത്യന്തികമായി എത്ര ആളുകൾ പ്രോഗ്രാം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ചെലവ്.