ഇതാണോ ഗുജറാത്ത് മോഡല്‍? കുരുന്നുകളുടെ ജീവനെടുത്ത ഗെയ്മിംഗ് സെന്ററിന് എന്‍.ഒ.സി ഇല്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിഞ്ഞില്ലത്രേ..!

രാജ്യത്തെ നടുക്കിയ ദുരന്തമാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ ഇന്നലെയുണ്ടായത്. കുട്ടികളടക്കം 27 പേരുടെ ജീവനാണ് ഒരു നിമിഷത്തില്‍ കത്തിയമര്‍ന്നത്. ടിആര്‍പി എന്ന് പേരുള്ള ഗെയ്മിംഗ് സെന്ററിനും അമ്യൂസ്മെന്റ് പാര്‍ക്കിനും ഫയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ എന്‍.ഒ.സി ഇല്ലെന്നാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘം രാജ്കോട്ട് ദുരന്തം അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. പക്ഷെ, ഒറ്റച്ചോദ്യമേ ഉള്ളു. കഴിഞ്ഞ രണ്ട് വര്‍ഷമായി ടി.ആര്‍.പി എന്ന് പേരുള്ള ഈ ഗെയ്മിംഗ് സെന്റര്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഈ സ്ഥാപനത്തിന് എന്‍.ഒ.സി ഇല്ല എന്ന് ഗുജറാത്ത് സര്‍ക്കാരിന് മനസ്സിലാകാതെ പോയത് എന്തുകൊണ്ടാണ്?


ആയിരക്കണക്കിന് കുട്ടികള്‍ വിനോദത്തിനായി എത്തുന്ന ഈ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പറ്റിയത് ഗുരുതരമായ പിഴവാണ്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴാണ് അതിന് കാരണമായ സ്ഥാപനത്തിന് എന്‍.ഒ.സി ഇല്ല, ആവശ്യമായ രേഖകളില്ല എന്ന് നമ്മുടെ സര്‍ക്കാരുകള്‍ തിരിച്ചറിയുന്നത്. യഥാര്‍ത്ഥത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും തന്നെയാകും ഇത്തരം വീഴ്ചകള്‍ക്ക് കാരണം. 


ഒരു ഗെയ്മിംഗ് സ്ഥാപനം തുടങ്ങണമെങ്കില്‍ നിയപരമായി ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഒന്ന്. സ്ഥാപനത്തിന്റെ ലൈസന്‍സ്, രണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നിനുള്ള സംവിധാനങ്ങള്‍, മൂന്ന്. ഫയര്‍ സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ എന്‍.ഒ.സി തുടങ്ങിയ ഒരുപാട് സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്. പക്ഷെ, ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഫയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ എന്‍.ഒ.സി ഇല്ലാതെയാണ് രണ്ടു നിലകളിലായി ടി.ആര്‍.പി എന്ന ഗെയ്മിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചത്. അതും വലിയ ഗുജറാത്ത് മോഡല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ മൂക്കിന് താഴെ.

ഏറ്റവും രസകരമായ വിഷയം ഈ സ്ഥാപനം ഫയര്‍ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയിട്ടേ എന്നാണ് രാജ്കോട്ട് ഡെപ്യുട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ സ്വപ്നി ഖരേ പറയുന്നത്. ഒരു സ്ഥാപനം നിയമപരമായ നടപടികള്‍ പാലിക്കാതെ എങ്ങനെ പ്രവര്‍ത്തിച്ചു തുടങ്ങി എന്നുകൂടി അപ്പോള്‍ ഡെപ്യുട്ടി മിനിസിപ്പല്‍ കമ്മീഷണര്‍ പറയണ്ടേ? യഥാര്‍ത്ഥത്തില്‍ ഇവിടെ ഗുജറാത്ത് സര്‍ക്കാരും പ്രതിയാണ്. ഗെയ്മിംഗ് സെന്ററിന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത് വകുപ്പിന്റെ കീഴിലാണോ ഇത്തരം സ്ഥാപനങ്ങള്‍ വരുന്നത് ആ വകുപ്പിന്റെ തലന്മാരെയും പ്രോസിക്യുട്ട് ചെയ്യേണ്ടതല്ലേ?


ഗെയ്മിംഗ് സെന്ററിന്റെ ഉടമകളില്‍ ഒരാളായ യുവരാജ് സിംഗ് സോളങ്കി, മാനേജര്‍ നിതിന്‍ ജയിന്‍ എന്നിവരെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദുരന്തത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി തന്നെ കത്തിയമര്‍ന്ന അവസ്ഥയിലാണ്. മരിച്ചവരെ തിരിച്ചറിയണമെങ്കില്‍ ഡി.എന്‍.എ പരിശോധന വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാകില്ല. കഴിഞ്ഞ പത്തോ, ഇരുപതോ വര്‍ഷത്തെ ഇത്തരം അപകടങ്ങളുടെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ വ്യക്തമാകും അപകടത്തിന് ശേഷമാണ് അതിന് കാരണക്കാരായവര്‍ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് വ്യക്തമാവുക. 


2022ലെ മോര്‍ബി പാലം തകര്‍ന്ന് ഗുജറാത്തില്‍ 135 പേര്‍ കൊല്ലപ്പെട്ട സംഭവം അറിയില്ലേ. പാലം തകര്‍ന്ന് ഇത്രയും പേര്‍ കൊല്ലപ്പെട്ട ശേഷമായിരുന്നു ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടുവെന്ന് ഗുജറാത്ത് സര്‍ക്കാരിന് മനസ്സിലാകുന്നത്. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോര്‍ബി ദുരന്തത്തിന് കാരണമായ പ്രാദേശിക ഭരണസംവിധാനത്തെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിടുന്നത്. 
ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് വളരുന്നു എന്നൊക്കെ നമുക്ക് കൊട്ടിഘോഷിക്കുന്നതിന് മുമ്പ് നാട്ടിലെ നിയമ സംവിധാനം കാര്യക്ഷമമായി നടപ്പിക്കാനുള്ള സാമാന്യ ബോധ്യമാണ് നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. 

Is it gujarat model? Rajkot gaming centre operated for two years without fire safety NOC

More Stories from this section

family-dental
witywide