ന്യൂഡല്‍ഹി: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ 40-ാം ജന്മദിനം ഇന്നലെ ആഘോഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജ നുവരി 8 ന് ജന്മദിനമാണെന്ന് കരുതപ്പെടുന്ന ഉന്നിന്റെ പിറന്നാള്‍ പ്യോങ്യാങ് മാധ്യമങ്ങള്‍ പതിവുപോലെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉത്തര കൊറിയയുടെ രഹസ്യ ഭരണകൂടം ഒരിക്കലും കിമ്മിന്റെ ജനനത്തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യുഎസ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജനന വര്‍ഷം 1984 ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍പ്രകാരം അദ്ദേഹത്തിന് 40 വയസ്സ് തികഞ്ഞിരിക്കുകയാണ്.
കിമ്മിന് മുമ്പ് ഭരിച്ചിരുന്ന കിമ്മിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും ജനന തീയതികള്‍ സ്വേച്ഛാധിപത്യ സംസ്ഥാനത്ത് ദേശീയ അവധി ദിവസങ്ങളായി ആചരിക്കുന്നു. എന്നിരുന്നാലും, കിം ജോങ് ഉന്നിന്റെ ജനനത്തീയതി മാധ്യമങ്ങളിലോ രാജ്യത്തിന്റെ കലണ്ടറുകളിലോ പരാമര്‍ശിക്കാതെ സ്ഥിരമായി നിശബ്ദമായി കടന്നുപോകുകയാണ്.
2020 ജനുവരിയില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് കിമ്മിന് ജന്മദിനാശംസകള്‍ ലഭിച്ചതായി അധികാരികള്‍ സമ്മതിച്ചതോടെയാണ് ഉത്തരകൊറിയന്‍ നേതാവിന്റെ ജനനത്തീയതി സ്ഥിരീകരിക്കുന്നത്. എങ്കിലും കൃത്യമായ തീയതിയെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങളാണുള്ളത്.
തന്റെ മകള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പം കിം ഒരു കോഴി ഫാം സന്ദര്‍ശിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ജു-എ എന്നറിയപ്പെടുന്ന മകള്‍ പിന്‍ഗാമിയാകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു.
രാജ്യത്തിന്റെ ആണവായുധങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെ പേരില്‍ കിമ്മിന്റെ സര്‍ക്കാരിന് കനത്ത വിമര്‍ശം എപ്പോഴും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.