ഹൈദരാബാദ് : ഭാര്യ ദേഷ്യപ്പെടുമ്പോള്‍ ഭര്‍ത്താവ് പ്രതികരിക്കാതെ മിണ്ടാതിരിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ ഒരു പാര്‍ട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒവൈസി തന്നെ പങ്കുവെച്ച ഒരു വീഡിയോയിലാണ് പരാമര്‍ശം. മാത്രമല്ല, ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനോ അവളുടെ നേരെ കലഹിക്കുന്നതോ പുരുഷത്വമില്ലെന്നും അവളുടെ ദേഷ്യം സഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പൗരുഷം എന്നത് നിങ്ങളുടെ ഭാര്യയുടെ മേല്‍ നല്‍കേണ്ട കമന്റുകളല്ലെന്നും നിങ്ങളുടെ ഭാര്യക്ക് ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ സഹിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
‘നിങ്ങള്‍ മുഹമ്മദ് നബിയുടെ ഒരു യഥാര്‍ത്ഥ അനുയായി ആണെങ്കില്‍, എന്നോട് പറയൂ, പ്രവാചകന്‍ തന്റെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു സ്ത്രീയുടെമേല്‍ കൈ പ്രയോഗിച്ചിട്ടുണ്ടോ? ‘ഇസ്ലാം മേ ഖവാതീന്‍ കാ മഖാം’ (ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനം) എന്ന പരിപാടിയില്‍ ഹൈദരാബാദ് എംപികൂടിയായ അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു.
നിങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വസ്ത്രങ്ങള്‍ കഴുകാനോ ഭക്ഷണം പാകം ചെയ്യാനോ വിളമ്പാനോ ഇസ്ലാം സ്ത്രീകളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഒവൈസി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
‘നിങ്ങളുടെ ഭാര്യ നിങ്ങളുടെ വസ്ത്രങ്ങള്‍ അലക്കാനോ ഭക്ഷണം പാകം ചെയ്യാനോ ഉള്ളതാണെന്ന് ഖുറാനില്‍ ഒരിടത്തും എഴുതിയിട്ടില്ല. വാസ്തവത്തില്‍, ഭാര്യയുടെ സമ്പാദ്യത്തില്‍ ഭര്‍ത്താവിന് അവകാശമില്ല. പക്ഷേ, ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ ഭാര്യക്ക് അവകാശമുണ്ട്, കാരണം അവള്‍ കുടുംബം നടത്തണം, ”അദ്ദേഹം പറഞ്ഞു.
പല ഭര്‍ത്താക്കന്മാരും ഭാര്യ പാചകം ചെയ്യാത്തതിന് പലപ്പോഴും വിമര്‍ശിക്കാറുണ്ട്, അല്ലെങ്കില്‍ അവരുടെ പാചക വൈദഗ്ധ്യത്തില്‍ പോരായ്മകള്‍ കണ്ടെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.