
ഇസ്ലാമാബാദ്: മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജയിൽമോചനം ആവശ്യപ്പെട്ട് തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങിയതോടെ ഇസ്ലാമാബാദിൽ സർക്കാർ സുരക്ഷാ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇമ്രാൻ അനുകൂലികൾ റാലി പ്രഖ്യാപിച്ചതോടെയാണ് സർക്കാരിന്റെ നീക്കം. ഇസ്ലാമാബാദിലേക്കുള്ള പ്രധാന ഹൈവേകൾ ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് അടച്ചു. കണ്ടെയ്നറുകൾക്ക് മുകളിലെ തുണികളും മറ്റും രാത്രി ഇമ്രാൻ അനുകൂലികൾ തീവച്ച് നശിപ്പിച്ചു.
1,200ലേറെ പി.ടി.ഐ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലയിടങ്ങളിലും കണ്ണീർവാതകം അടക്കം പ്രയോഗിച്ചു. അതേ സമയം, പി.ടി.ഐ അംഗങ്ങൾ ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും പലരും സ്വമേധയാ അറസ്റ്റിന് മുന്നോട്ടുവരികയാണെന്നും സർക്കാർ പ്രതികരിച്ചു. സുരക്ഷാ ശക്തമാക്കി.
ആയിരക്കണക്കിന് പൊലീസ്, പാരാമിലിട്ടറി ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചു. ഇസ്ലാമാബാദിൽ കൂട്ടംചേരലുകൾ നിരോധിച്ചു. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു.
ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാർലമെന്റ്, സർക്കാർ ഓഫീസുകൾ, വിവിധ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണിൽ പ്രതിഷേധം നടത്താനാണ് ഇമ്രാൻ അനുകൂലികളുടെ നീക്കം.
Islamabad announced lock down, after pti protest