
ടെഹ്റാൻ: ഇറാനിൽ 103 പേരുടെ മരണത്തിന് ഇടയായ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ടെലിഗ്രാം ചാനലിലൂടെയാണ് സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് ഐഎസ് അറിയിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ ചരമ വാർഷികത്തിൽ ബുധനാഴ്ച തെക്കുകിഴക്കൻ ഇറാനിയൻ നഗരമായ കെർമാനിലെ സെമിത്തേരിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ രണ്ട് ഐഎസ് അംഗങ്ങൾ സ്ഫോടക വസ്തുക്കൾ നിറച്ച ബെൽറ്റ് ധരിച്ചെത്തി ചാവേറാകുകയായിരുന്നു എന്നും ടെലിഗ്രാം ചാനലിലൂടെ ഐഎസ് അറിയിച്ചു.
കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം. സ്ഫോടനത്തിൽ 200ഓളം പേർക്ക് പരുക്കേറ്റു.
2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനിയെയും ഇറാഖ് അർധസൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും യുഎസ് സൈന്യം വധിച്ചത്.