ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ വ്യാപക വ്യോമാക്രണമാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും ആക്രമണത്തെത്തുടര്‍ന്ന് കണ്ടെടുത്ത മറ്റ് ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ലെബനന്‍ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
തീരദേശ നഗരമായ ടയറില്‍ വെള്ളിയാഴ്ച വൈകി നടന്ന ആക്രമണത്തില്‍ ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സൈന്യം മുമ്പ് നഗരത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും വെള്ളിയാഴ്ചത്തെ ആക്രമണത്തിന് മുമ്പായി ഇസ്രായേല്‍ സൈനിക വക്താവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ഉത്തരവുകളൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല.