ബെയ്റൂട്ട്: തെക്കന്‍ ബെയ്റൂട്ടിന് സമീപമുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ അറിയിച്ചു. ഹരിരി ആശുപത്രിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. പ്രാഥമിക കണക്കനുസരിച്ച് 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുമുണ്ട്.
ആക്രമണത്തില്‍ ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം തകര്‍ന്നുവെന്നും എങ്കിലും ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു, ധാരാളം രോഗികളെ സ്വീകരിക്കുന്നു.
അതേസമയം, തെക്കന്‍ ബെയ്റൂട്ടിലെ ഔസായ് ജില്ലയില്‍ കുറഞ്ഞത് മൂന്ന് ഇസ്രായേലി ആക്രമണങ്ങളെങ്കിലും ഉണ്ടായതായി ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, തെക്കന്‍ ബെയ്റൂട്ടിലെ സഹേല്‍ ആശുപത്രിക്ക് കീഴില്‍ ഹിസ്ബുള്ള അര ബില്യണ്‍ ഡോളര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം ലെബനന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.