ജെറുസലേം: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് ഇസ്രയേൽ പൗരന്മാർ അറസ്റ്റിലായെന്ന് ഇസ്രയേല്‍ സൈന്യം. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മാസമാണ് ഇവർ പിടിയിലായതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അസര്‍ബൈജാനില്‍നിന്നുള്ള സംഘമാണ് ഇവരുമായി നിരന്തരം ബന്ധപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 600 ലേറെ തവണ ഇവര്‍ ഇറാനുമായി ബന്ധപ്പെട്ടെന്നാണ് കണ്ടെത്തല്‍.
സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ അടക്കം തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ ഇറാന് കൈമാറിയിട്ടുണ്ട്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് ഇസ്രയേൽ പൊലീസിലെ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമായ ലഹാവ് 433 യൂണിറ്റ് ചീഫ് സൂപ്രണ്ട് വിശദീകരിച്ചത്.
ഹൈഫയിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് എല്ലാവരും. ഒരാൾ നേരത്തെ ഇസ്രയേലി സൈന്യത്തിലും ജോലി ചെയ്തിട്ടുണ്ടന്നാണ് വിവരം. പ്രായപൂർത്തിയാവാത്ത രണ്ട് പേരും പിടിയിലായ സംഘത്തിൽ ഉൾപ്പെടുന്നു. അസർബൈജാനിൽ നിന്ന് ഇറാനിലേക്ക് കുടിയേറിയ ഒരാളാണ് സംഘത്തിലെ പ്രധാനി. ഇയാളാണ് മറ്റുള്ളവരെ കൂടി സംഘത്തിൽ ചേർത്തത്. തുർക്കിയിലുള്ള ഒരു ഇടനിലക്കാരൻ വഴിയാണ് ഇറാനിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.