ബെയ്‌റൂട്ട്: ബുധനാഴ്ച സിറിയയിലെ ഹോംസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഹോംസ് നഗരത്തിലെ ഹംറ പരിസരത്തുള്ള ഒരു കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയും, ഒരു കുട്ടിയും, ഒരു പുരുഷനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മരിച്ച മറ്റ് രണ്ടുപേരുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
സിറിയയുടെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്രായേല്‍ ലെബനന്റെ വടക്ക് ദിശയില്‍ നിന്ന് ഹോംസ് നഗരത്തിലെയും അതിന്റെ ഗ്രാമങ്ങളിലെയും നിരവധി സൈറ്റുകള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുകയും സാധാരണക്കാരെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ കുതിക്കുന്നതിന്റെയും ആരെയോ സ്‌ട്രെച്ചറില്‍ കയറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ സിറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പങ്കിട്ടിരുന്നു.
കഴിഞ്ഞ ആഴ്ച, സിറിയയിലെയും ഇറാഖിലെയും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്ക് നേരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആക്രമണം നടത്തി, ജോര്‍ദാനില്‍ തങ്ങളുടെ സൈനികര്‍ക്കെതിരായ മാരകമായ ആക്രമണത്തിന് പ്രതികാരമായി ഡസന്‍ കണക്കിന് ആളുകളെ കൊന്നിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ രണ്ട് തവണ ഇസ്രായേല്‍ സിറിയയിലെ ലക്ഷ്യങ്ങള്‍ ആക്രമിച്ചിരുന്നു. വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഡമാസ്‌കസിന് തെക്ക് മൂന്ന് ഇറാന്‍ അനുകൂല പോരാളികള്‍ കൊല്ലപ്പെട്ടതായി ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ റവല്യൂഷണറി ഗാര്‍ഡിലെ ഒരു ഉപദേശകനും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച ദമാസ്‌കസിനു സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ അനുകൂല പോരാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.
2011 മുതല്‍, അരലക്ഷത്തിലധികം ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത രക്തരൂക്ഷിതമായ സംഘര്‍ഷത്തിന് സിറിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്.