ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം : സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ക്ക് ദാരുണാന്ത്യം

ഗാസസിറ്റി: സെന്‍ട്രല്‍ ഗാസയിലെ നഗരമായ ദെയ്ര്‍ അല്‍-ബലാഹിന് സമീപമുള്ള ഖാദിജ സ്‌കൂളിനുള്ളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 മരണം. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു.

എന്നാല്‍ ആക്രമണം നടത്തിയ സ്‌കൂള്‍ ഹമാസിന്റെ ഒളിത്താവളമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഇടമായിരുന്നുവെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കിയത്. ആക്രമണത്തിന് മുമ്പ് അനുയോജ്യമായ യുദ്ധോപകരണങ്ങളുടെ ഉപയോഗം, വ്യോമ നിരീക്ഷണം, അധിക രഹസ്യാന്വേഷണം എന്നിവ ഉള്‍പ്പെടെ സാധാരണക്കാരുടെ മരണസംഖ്യ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

അതേസമയം, ഇരകള്‍ സാധാരണക്കാരാണെന്നും അവരില്‍ ഭൂരിഭാഗവും കുട്ടികളുമാണെന്നും വീഡിയോകള്‍ കാണിക്കുന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ കുട്ടികളും ഉണ്ടെന്ന് കാണിക്കുന്ന വീഡിയോയെക്കുറിച്ച് ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് ടെലിഗ്രാമില്‍ നടത്തിയ പ്രസ്താവനയില്‍ ആക്രമണത്തെ അപലപിച്ചു.

കൂടാതെ, ദേര്‍ അല്‍-ബലാഹിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ 53 പേര്‍ കൊല്ലപ്പെടുകയും 189 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.