ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആറ് കുട്ടികളടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസിനെതിരായ ഇസ്രായേല്‍ യുദ്ധം ഇതിനകം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച മിഡില്‍ ഈസ്റ്റില്‍ പുതിയ ആക്രമണം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഗാസയിലെ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ട വിവരം അനുസരിച്ച്, വെള്ളിയാഴ്ച വൈകിട്ടാണ് റഫ നഗരത്തിന്റെ പടിഞ്ഞാറന്‍ പരിസരത്തുള്ള ഒരു വീട്ടിലേക്ക് ഇസ്രയേല്‍ ആക്രമണം എത്തിയത്. തുടര്‍ന്ന് ഒമ്പതുപേര്‍ കൊല്ലപ്പെടുകയായിരുന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
ഈജിപ്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന റഫയില്‍ നിലവില്‍ ഗാസയിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ഏകദേശം 2.3 ദശലക്ഷം ആളുകളാണുള്ളത്. അവരില്‍ മിക്കവരും ഗാസയില്‍ നിന്നും യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരാണ്.
റഫ ആക്രമിക്കുന്നതിനെതിരെ, ഇസ്രായേലിന്റെ ഉറച്ച സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിട്ടും വകവയ്ക്കാതെ, ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍, വ്യാപകമായ ഒരു കര ആക്രമണത്തിലേക്ക് ഇസ്രയേല്‍ സൈന്യം ഇതുവരെ കടന്നിട്ടില്ല. പകരം നഗര പരിസരങ്ങളിലാണ് വ്യോമാക്രമണം നടത്തുന്നത്. ഹമാസ് പോരാളികളില്‍ പലരും റഫയില്‍ ഒളിച്ചിരിക്കുന്നതായാണ് ഇസ്രയേലിന്റെ വാദം.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 37 പേരുടെ മൃതദേഹങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഫലസ്തീനികളുടെ മൊത്തം മരണസംഖ്യ കുറഞ്ഞത് 34,049 ആയിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 76,900 കവിഞ്ഞിട്ടുണ്ട്.