അമേരിക്കയുടെ എതിർപ്പടക്കം അവഗണിച്ച് ഇസ്രയേൽ, യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ചു, വ്യാപക വിമർശനം

ന്യൂയോർക്ക്: പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു എന്‍ ഏജന്‍സിയെ (യുഎന്‍ആര്‍ഡബ്ല്യുഎ) ഇസ്രയേൽ നിരോധിച്ചു. ഇസ്രയേലിലും അധിനിവേഷ ജറുസലേമിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് യു എന്‍ ഏജന്‍സിയെ വിലക്കുന്ന ബില്ലിന് തിങ്കളാഴ്ച ഇസ്രയേൽ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. അമേരിക്കയുടെയടക്കം എതിര്‍പ്പ് അവഗണിച്ചാണ് ഇസ്രയേൽ, യു എന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ചത്.

92 അംഗങ്ങള്‍ അനുകൂലമായും 10 പേര്‍ എതിര്‍ത്തുമാണ് ബില്‍ പാസ്സാക്കിയത്. ഏഴ് പതിറ്റാണ്ടിലേറെയായി പലസ്തീന്‍ പ്രദേശങ്ങളില്‍ അഭയാര്‍ഥികള്‍ക്കും മറ്റും അവശ്യ സഹായവും സഹായവും നല്‍കി വരുന്ന യു എന്‍ ഏജന്‍സിയെയാണ് ഇസ്രയേൽ നിരോധിച്ചത്.

യുഎന്‍ആര്‍ഡബ്ല്യുഎയുടെ നിരോധനത്തിൽ ഇസ്രയേലിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ഇസ്രയേൽ നിരോധനം ഗാസയിലെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഏവരും പറയുന്നത്. അമേരിക്കയും ബ്രിട്ടണും ജര്‍മനിയുമടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലിന്‍റെ നിരോധന നീക്കത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സഹായിക്കില്ലെന്നും മേഖലയിലെ മൊത്തത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഹാനികരമാവുമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.