
ജെറുസലേം: ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മധ്യ ഗാസയിലെ ദേര്‍ എല്‍-ബലാഹ് മേഖലയില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. മരണസംഖ്യ പിന്നീട് ഉയരുകയായിരുന്നു.
അതേസമയം, പള്ളിയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.