ആയിരത്തിനു പകരം നാല്പതിനായിരം, കണ്ണീരുവറ്റിയ മുഖങ്ങള്‍, ഉള്ളുണക്കാത്ത മുറിവുകള്‍…ഗാസ തേങ്ങുന്നു, ബന്ദികളിലെ കാത്ത് ഇസ്രയേലും

2023 ഒക്ടോബര്‍ 7 ഇസ്രയേലിന് ഒരു കറുത്ത ദിനമായിരുന്നു. ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം നടന്നപ്പോള്‍ ലോകരാജ്യങ്ങള്‍ ഒന്നാകെ ഞെട്ടി. അത്രയേറെ പ്രശസ്തമായിരുന്ന ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ ‘അയണ്‍ ഡോമി’ന്റെയും മൂക്കിനുതാഴെ ഹമാസ് അഴിഞ്ഞാടി. അവര്‍ ‘ഓപ്പറേഷന്‍ അല്‍ അഖ്സ സ്റ്റോം’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകളായിരുന്നു. 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി…ഇതായിരുന്നു ആ കറുത്ത ദിനത്തില്‍ സംഭവിച്ചത്.

എന്നാല്‍ പിന്നീടിങ്ങോട്ട് ലോകം കണ്ടത് ഇസ്രയേലിന്റെ പ്രതികാര ദാഹമായിരുന്നു. ഹമാസ് ഇല്ലാതാക്കിയ 1200 പേരുടെ ജീവനുപകരം ഹമാസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഗാസയെ ഇസ്രയേല്‍ മുറിപ്പെടുത്തി. ഇസ്രയേലിന്റെ മാരക ആക്രമണങ്ങളില്‍ 16,500 കുട്ടികള്‍ ഉള്‍പ്പെടെ 42,870 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ 97,166. ഈ കണക്കുകള്‍ ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയെങ്കിലും ‘ഹമാസ് ചെയ്ത വലിയ തെറ്റിന് പകരംവീട്ടു’മെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികാര ദാഹം അടങ്ങണമെങ്കില്‍ ഹമാസ് അടിയറവു പറയണം. യുദ്ധം ആരംഭിച്ച് വര്‍ഷമൊന്ന് തികഞ്ഞെങ്കിലും ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാനോ ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കാനോ ഇനിയൊരു ഭീഷണിയുണ്ടാകാത്തവിധം അതിര്‍ത്തി സുരക്ഷിതമാക്കാനോ ഇസ്രയേലിന് ആയിട്ടില്ല. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ യുദ്ധം തുടരുമോ എന്ന് കാത്തിരുന്ന് കാണണം.

ഓപ്പറേഷന്‍ അല്‍ അഖ്സ സ്റ്റോമിന്റെ ഒന്നാം വാര്‍ഷികത്തിലൂടെ ഇസ്രയേല്‍ കടന്നുപോകുമ്പോള്‍ എന്തും സംഭവിക്കാമെന്ന ആശങ്കയുടെ മുള്‍മുനയിലാണ് മധ്യപൂര്‍വദേശം. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ വധത്തിനു പിന്നാലെ ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്. ഇറാന് തിരിച്ചടി നല്‍കുന്ന കാര്യം ആലോചനയിലാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു.

ഹമാസിനെ സൈനികമായി അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ ആകില്ലെന്ന് ഇസ്രയേലിന് യുദ്ധം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ മനസിലായിരുന്നു. അത് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി ഓഗസ്റ്റില്‍ തുറന്നു സമ്മതിക്കുകയും ചെയ്തു. ഇസ്രയേലി ബന്ദികളായ 97 പേര്‍ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്. ഇതില്‍ 33 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ തന്നെ വ്യക്തമാക്കുന്നത്. അതില്‍ രാജ്യത്തിനകത്തുനിന്നും പ്രതിഷേധം ഇരമ്പുന്നുണ്ട്. ബന്ദി മോചന കരാരില്‍ ഹമാസും നെതന്യാഹുവും പരസ്പരം പഴിചാരിയാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. ഇതില്‍ യുഎസും ഈജിപ്തും ഖത്തറും മധ്യസ്ഥരായി നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.

പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഗാസയിലുള്ള ഹമാസുമായാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ ലബനനിലെ ഹിസ്ബുള്ളയും ഇറാനും ഇസ്രയേലിനെതിരെ യുദ്ധകാഹളം മുഴക്കിയെത്തി. ലബനനില്‍ ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളും ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയുള്‍പ്പെടെ വധിച്ചതും ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കി. ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു.

ഗാസയില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇനിയും പൂര്‍ണമായ ഉത്തരമില്ലാത്ത ചോദ്യം. ആരും ഒന്നും പഴയപോലെ ആകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഭര്‍ത്താവിനെ നഷ്ടപ്പെട്ടവര്‍ മക്കളെ നഷ്ടപ്പെട്ടവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍, വീടും നാടും നഷ്ടമായവര്‍ അങ്ങനെ ഗാസയില്‍ നിന്നും ജീവനുംകൊണ്ടോടിയവര്‍ മരണമെത്തുന്നതും കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടത് ഒരോയൊരു ഉത്തരം, യുദ്ധം എന്ന് അവസാനിക്കും?