ഇസ്രയേൽ ഇറാൻ്റെ ആണവനിലയങ്ങൾ തകർക്കുമോ? ഇല്ല എന്ന് ഒരുറപ്പും കിട്ടിയിട്ടില്ല: യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ്

വാഷിങ്ടൺ: ഈ ആഴ്‌ച ആദ്യം ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ ആണവനിലയങ്ങൾ ഇസ്രയേൽ ആക്രമിക്കില്ല എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റിനെ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ഹമാസിൻ്റെ ഒക്ടോബർ 7 ആക്രമണത്തിൻ്റെ വാർഷികം തിരിച്ചടിക്കാൻ ഇസ്രായേൽ ഉപയോഗിക്കുമോ എന്ന് പറയാൻ പ്രയാസമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇറാൻ്റെ മിസൈൽ ആക്രമണത്തോട് പ്രതികരിക്കുന്നതിനിടെ, ഇസ്രായേലിന് യുഎസ് ഉദ്യോഗസ്ഥർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് ഒന്നിലധികം ഉദ്യോഗസ്ഥർ പരസ്യമായി മുന്നറിയിപ്പും നൽകിയിരുന്നു. അതേ സമയം, വർധിച്ചു വരുന്ന യുദ്ധത്തെ കുറിച്ച് ഇവർക്ക് ആശങ്കയുണ്ട്. ഇറാൻ്റെ ആണവ പദ്ധതി ലക്ഷ്യമിടുന്ന ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കില്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ഈ ആഴ്ച ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ബൈഡൻ ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ.റിപ്പോർട്ട് ചെയ്തത്.

ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. നേതാക്കളെ വധിച്ചതുകൊണ്ടൊന്നും ഇറാനും പ്രാദേശികസഖ്യകക്ഷികളും ഇസ്രയേലിനോടുള്ള ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആവശ്യമെങ്കിൽ ഇനിയും ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറാണെന്നും ടെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. അഞ്ചുവർഷത്തിനുശേഷമാണ് ഖമീനി വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തുന്നത്. അഫ്ഗാനിസ്താൻമുതൽ യെമെൻവരെയും ഇറാൻമുതൽ ഗാസവരെയുമുള്ള എല്ലാവരോടും ഇസ്രയേലിനെതിരായ നടപടിക്ക്‌ സജ്ജരാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Israel has given no assurances it won’t target Iran’s nuclear centers says US