ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം: ഗൗരവതരമായ ആശങ്കയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ഇറാന്‍ ഇസ്രയേലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഗൗരവതരമായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

സംഘര്‍ഷം കുറയ്ക്കാനും അക്രമത്തില്‍ നിന്നും പിന്മാറാനും ഇന്ത്യ ആവശ്യപ്പെട്ടു. മാത്രമല്ല, സാഹചര്യങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്.

‘ഉടന്‍ സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തില്‍ നിന്ന് പിന്മാറാനും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മേഖലയിലെ ഞങ്ങളുടെ എംബസികള്‍ ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അത് വളരെ പ്രധാനമാണ്. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നുണ്ട്,’ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍ ഇസ്രയലിനെതിരെ 200-ലധികം ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഡമാസ്‌കസിലെ ഇറാന്റെ നയതന്ത്ര കാര്യാലയം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷം ഇത് ‘സ്വയം പ്രതിരോധ’ പ്രവര്‍ത്തനമാണെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. പക്ഷേ ഇറാന്‍ തൊടുത്തുവിട്ട മിക്ക മിസൈലുകളും ഇസ്രയേലിലേക്ക് കടക്കുന്നതിന് മുമ്പ് തടഞ്ഞിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ഇറാന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന് ഉറച്ച പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide