ടെൽ അവീവ്: മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രത്യാക്രമണ പദ്ധതി ഇസ്രയേൽ സൈന്യം തയാറാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇറാന്‍റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉല്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് റിപ്പോർട്ടുകൾ.പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം ചർച്ച നടത്തിയെന്നും വിവരമുണ്ട്. ഇസ്രയേൽ നേരിട്ട് ഇറാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ അതൊരു വലിയ യുദ്ധത്തിൽ കലാശിക്കുമോയെന്ന ആശങ്കയിലാണ് ലോകം. അതുകൊണ്ടുതന്നെ അമേരിക്ക ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. ഇറാനെതിരായ നേരിട്ടുള്ള ആക്രമണത്തിൽ ഇസ്രയേലിനൊപ്പം അമേരിക്ക പങ്കുചേരുമോ എന്നതും അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
അതിനിടെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യയടക്കമുള്ള വിവിധ ലോക രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. നിലവിൽ ഇറാനിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണണമെന്നും നിർദ്ദേശമുണ്ട്. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവന പറയുന്നു. സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ ഐക്യരാഷ്ട്ര സഭ തലവൻ അന്‍റോണിയോ ഗുട്ടറസും ഇസ്രയേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിക്കാൻ ഗുട്ടറസ് പരാജയപെട്ടെന്നും അതിനാൽ ഇസ്രയേലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.