തെക്കൻ ഗാസ നഗരമായ റഫയിൽ സൈന്യം ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ്. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ഇസ്രയേൽ, ഹമാസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് തേടിയ സാഹചര്യത്തിലാണ് പുതിയ നീക്കം. റഫയിൽ കര, വ്യോമ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനോട് ഇസ്രായേൽ പ്രതിരോധ മന്ത്രി അറിയിച്ചത്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഗാലൻ്റുമായും ഇസ്രായേൽ സൈനിക നേതൃത്വവുമായും ടെൽ അവീവിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സൈന്യം ഹമാസുമായി യുദ്ധം തുടരുകയും ബോംബാക്രമണം വർദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സള്ളിവൻ്റെ സന്ദർശനം.
അതേസമയം റഫയിലെ സമ്പൂർണ അധിനിവേശത്തെ ബൈഡൻ ഭരണകൂടം റ എതിർത്തു. ഇതുവരെ ഇസ്രായേലി സേന പ്രധാനമായും നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ആക്രമണവുമായി മുന്നോട്ടു പോകുകയാണ്. യുദ്ധം ഇതിനകം 810,000 പലസ്തീനികളുടെ പലായനത്തിന് കാരണമായതായി യു.എൻ അറിയിച്ചു.