വീടുകള്‍ ഹിസ്ബുള്ള ആയുധപ്പുരകളാക്കുന്നെന്ന് ഇസ്രയേല്‍; ആക്രമണത്തിന് പിന്നാലെ വീഡിയോ പുറത്തുവിട്ടു

ടെല്‍ അവീവ്: ഹിസ്ബുള്ള ലെബനനിലെ സാധാരണ ജനങ്ങളുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ഇസ്രയേല്‍. ലെബനനെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ആരോപണം. തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന ഗ്രാഫിക്‌സ് വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടു.

ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

‘എന്നാല്‍ ഹിസ്ബുള്ള ഇതിനെ എതിര്‍ത്തു. അവര്‍ ജനങ്ങളോട് വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ഹിസ്ബുള്ള എങ്ങനെയാണ് മാരകമായ ആയുധങ്ങള്‍ ജനങ്ങളുടെ വീടുകളില്‍ സൂക്ഷിച്ച് അവരുടെ ജീവന്‍ അപകടത്തിലാക്കുന്നത് എന്ന് ഞങ്ങള്‍ ഇന്ന് തുറന്നുകാണിക്കുകയാണ്.’ -ഡാനിയേല്‍ ഹഗാരി പറഞ്ഞു.

വീഡിയോയ്ക്ക് പുറമെ, വീടുകളില്‍ സൂക്ഷിച്ച ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഹിസ്ബുള്ളയുടെ ആയുധ ശേഖരമെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. ഹൈഡ്രോളിക് സംവിധാനത്തിനുമേലാണ് മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ഈ മിസൈലുകള്‍ ഏതുനിമിഷവും തൊടുത്തുവിടാവുന്ന തരത്തിലുള്ളതാണെന്നും ഐഡിഎഫ് പറയുന്നു.

More Stories from this section

family-dental
witywide