
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഒക്ടോബര്‍ 7 ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ഇസ്രായേല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ചു. ഞായറാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ഭീകരരുടെ ലക്ഷ്യങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഗാസ മുനമ്പില്‍ ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ഭീകരര്‍ക്കെതിരെ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതികരിച്ചു.
ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയുടെ തെക്ക് ഭാഗത്തുള്ള സൈനിക താവളത്തില്‍ ‘ഫാഡി 1’ മിസൈലുകള്‍ ഉപയോഗിച്ച് തങ്ങള്‍ ആക്രമിച്ചതായി ഹിസ്ബുള്ള പറഞ്ഞു. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് 10 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സഖ്യകക്ഷിയായ ഹമാസ് ഇസ്രായേല്‍ പട്ടണങ്ങള്‍ ആക്രമിച്ചപ്പോള്‍ ഗാസയിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേലും ഹിസ്ബുള്ളയും ലെബനീസ് അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയിരുന്നു.
ഹമാസിനുള്ള ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഗാസയില്‍ 41,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു, അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തില്‍ 2,000-ത്തിലധികം ആളുകള്‍ ലെബനനിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.