ജറുസലേം: ഹൂതികളുടെ നിയന്ത്രണത്തിലുള്ള വൈദ്യുത നിലയങ്ങളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി വിമത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഇറാന്‍ പിന്തുണയുള്ള വിമത സംഘം ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തെ മിസൈല്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ വ്യാപക ആക്രമണം.
വലിയ തോതിലുള്ള വ്യോമാക്രമണത്തില്‍, യുദ്ധവിമാനങ്ങള്‍, രഹസ്യാന്വേഷണ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് വ്യോമസേനാ വിമാനങ്ങള്‍ യെമനിലെ റാസ് ഇസ, ഹൊദൈദ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഐഡിഎഫ് സൈനിക വക്താവ് പറഞ്ഞു.
2014-ല്‍ യെമന്‍ തലസ്ഥാനമായ സന പിടിച്ചെടുത്ത ഹൂതികള്‍ ഈ മേഖലയിലേക്ക് ഇറാന്റെ ആയുധങ്ങളും സൈനിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും കൈമാറാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.