ലെബനനില്‍ ഇസ്രായേല്‍ ആക്രമണം : ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ എട്ട് മരണം

ജറുസലേം: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ എലൈറ്റ് റദ്‌വാന്‍ യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. ഒക്‌ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ഈ വര്‍ഷമാദ്യം, ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡറായ ഫുവാദ് ഷുക്കറും ഹമാസിന്റെ നേതാവ് സാലിഹ് അല്‍-അരൂരിയും കൊല്ലപ്പെട്ടിരുന്നു.

1983-ല്‍ ബെയ്‌റൂട്ടിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ബോംബാക്രമണം 63 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അഖീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 7 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.