ബെയ്റൂത്ത്: ഹിസ്ബുല്ലയെ തീർക്കുമെന്ന് പ്രഖ്യാപിച്ചുള്ള ഇസ്രായേലിന്‍റെ ആക്രമണം പുതിയ തലത്തിലേക്ക് കടന്നതോടെ പൂർണ്ണ യുദ്ധം എന്ന സാഹചര്യമാണ് പശ്ചിമേഷ്യയിൽ. ലെബനനിൽ ഇസ്രായേൽ ഇതുവരെ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പട്ടവരുടെ എണ്ണം 600 നടുത്തായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലെബനോൺ തലസ്ഥാനമായ ബെയ്റൂത്തിലടക്കം ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ മരണ സംഖ്യയും ഉയരുകയാണ്.
അതിനിടെയാണ് കര വഴിയുള്ള ആക്രമണത്തിന് ഇസ്രയേൽ നീക്കം ശക്തമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെയാണ് പശ്ചിമേഷ്യ പൂർണയുദ്ധ സാഹചര്യത്തിലേക്ക് നീങ്ങിയത്. ഇസ്രയേൽ കരയുദ്ധത്തിന് കൂടി മുതിർന്നാൽ ഹിസ്ബുല്ലയ്ക്ക് ഒപ്പം ചേർന്ന് പ്രതിരോധിക്കുമെന്ന് ഇറാഖിലെ സായുധ സംഘങ്ങൾ മുന്നറിയിപ്പ് നൽകിയപ്പോൾ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ പ്രതികരിച്ചത്.
1982 ൽ ഇസ്രയേൽ കരമാർഗം ലബനനിൽ ആക്രമണം നടത്തിയിരുന്നു. ഇന്ന് പശ്ചിമേഷ്യ വലിയ യുദ്ധത്തിനാണ് സാക്ഷ്യം വഹിച്ചത്. സമാനമായ രീതിയിൽ വീണ്ടും കര വഴി ഇസ്രയേലിന്‍റെ സൈനിക നീക്കം ഉണ്ടായാൽ പൂർണ്ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുമെന്ന് ഉറപ്പാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, കരമാർഗം കൂടി ഇസ്രയേൽ നീങ്ങിയാൽ നേരിട്ട് രംഗത്തെത്തിയേക്കാനുള്ള സാധ്യത തള്ളാനാകില്ല.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ അമേരിക്ക കരുതലോടെ നീങ്ങുകയാണ്. പൂർണ യുദ്ധ സാഹചര്യം മുൻകൂട്ടി കാണുന്ന അമേരിക്ക മേഖലയിൽ സൈനിക വിന്യാസം കൂട്ടിയതിന്‍റെ കാരണവും മറ്റൊന്നല്ലെന്നാണ് വിലയിരുത്തലുകൾ. ലബനനിലെ യു എസ് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കണം എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളതെങ്കിലും അപ്രതീക്ഷിത തിരിച്ചടിയുണ്ടായാൽ ആക്രമണം ശക്തമാക്കാൻ സജ്ജമാകാനാണ് അമേരിക്കയുടെ തീരുമാനമെന്ന് ഉറപ്പാണ്.
അതേസമയം ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ഓളമായതോടെ ലബനനിൽ ഉടനീളം പരിഭ്രാന്തിയാണ് ഉയകുന്നത്. ജനങ്ങൾ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പലായനം ചെയ്യുന്ന കാഴ്ചയാണ് ലബനനിൽ നിന്ന് ഇപ്പോൾ കാണാനാകുന്നത്.
അതിനിടെ ഇസ്രായേൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ സുപ്രധാന കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുല്ലയുടെ റോക്കറ്റ് വിഭാഗം മേധാവിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്നാണ് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖുബൈസിയെ കൂടാതെ ആറു പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം, 15 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ വിവിധ രാജ്യങ്ങൾ റദ്ദാക്കി. അമേരിക്ക, ഫ്രാൻസ്, ജർമനിഎന്നീ രാജ്യങ്ങളാണ് ബെയ്റൂത്തിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ഗൾഫ് എയർലൈൻസ് ,എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. അതിനിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.