ബന്ദി മോചനം: ഹമാസുമായി വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ; ബൈഡനുമായി സംസാരിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ -ബന്ദിമോചന നിര്‍ദേശം പരിശോധിക്കുകയാണെന്നും മധ്യസ്ഥ ചര്‍ച്ചക്ക് പ്രതിനിധികളെ അയക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ഈജിപ്തിനെയും ഖത്തറിനെയും തുര്‍ക്കിയയെയുമാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഹമാസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

വെടിനിർത്തിയാൽ 120 ബന്ദികളെയും മോചിപ്പിക്കാമെന്ന സൂചന ഹമാസ് നൽകിയിരുന്നു. എവിടെ വെച്ചാണ് അടുത്ത ചര്‍ച്ച എന്നത് ഇതുവരെ വ്യക്തമല്ല. ഖത്തറും ഈജിപ്തും മധ്യസ്ഥരായ ചര്‍ച്ചകള്‍ നേരത്തെ ദോഹയിലും കെയ്റോയിലുമാണ് നടന്നത്.

ബന്ദികളെ വിട്ടയക്കുകയും ഗാസയില്‍നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായും പിന്‍വാങ്ങുകയുമാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഈ നിര്‍ദേശത്തിന് യുഎസിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. മന്ത്രിസഭാ യോഗം ചേര്‍ന്ന് നിര്‍ദേശം ഇസ്രായേല്‍ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബന്ദികളെ വിട്ടയക്കണമെങ്കില്‍ തടവുകാരെ മുഴുവന്‍ മോചിപ്പിക്കണമെന്ന ഹമാസ് തുടക്കം മുതല്‍ മുന്നോട്ടുവെക്കുന്ന നിബന്ധനയില്‍ ഉറച്ചുനിൽക്കുകയാണ് എന്നാണ് സൂചന. എന്നാൽ, ബന്ദികളുടെ മോചനത്തിനായി ചർച്ചയ്ക്കു സന്നദ്ധമെങ്കിലും എല്ലാ ലക്ഷ്യവും നേടാതെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

മൊസാദിന്റെ മേധാവിയാണ് ഇസ്രയേൽ പ്രതിനിധിസംഘത്തെ നയിക്കുന്നത്. വെടിനിർത്തലിനായി നേരത്തേ നടത്തിയ രണ്ടു ചർച്ചകളും പരാജയമായിരുന്നു. യുദ്ധം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്താലേ കരാറുമായി മുന്നോട്ടുപോകൂ എന്ന് ഹമാസ് പ്രതിനിധി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, യുദ്ധം താത്കാലികമായി മാത്രമേ നിര്‍ത്തിവെക്കൂ എന്നും ഹമാസിനെ ഉന്മൂലനം ചെയ്താല്‍ മാത്രമേ ലക്ഷ്യം കൈവരിക്കാനാകൂ എന്നുമാണ് ഇസ്രായേല്‍ പറയുന്നത്.

പലസ്തീനികൾക്കെതിരായ ആക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ മധ്യസ്ഥര്‍ മുഖേന ചില നിര്‍ദേശങ്ങള്‍ കൈമാറിയതായി ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് ഹമാസ് പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം തയാറാക്കിയത്. എന്നാല്‍, പ്രാവര്‍ത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി പല നിര്‍ദേശങ്ങളും യുഎസ് ഒഴിവാക്കിയിരുന്നു.

More Stories from this section

family-dental
witywide