വാഷിംഗ്ടണ്‍: കഴിഞ്ഞദിവസം ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ലയെ കൊല്ലാന്‍ ഇസ്രായേല്‍ ഉപയോഗിച്ച ബോംബ് അമേരിക്കന്‍ നിര്‍മ്മിത ഗൈഡഡ് ആയുധമാണെന്ന് യുഎസ് സെനറ്റര്‍.
എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുണ്ടായത്. നസ്‌റല്ലയുടെ ജീവനെടുക്കാന്‍ 900കിലോഗ്രാം വരുന്ന മാര്‍ക്ക് 84 സീരീസ് അമേരിക്കന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് സെനറ്റ് ആംഡ് സര്‍വീസസ് എയര്‍ലാന്‍ഡ് സബ്കമ്മിറ്റി അധ്യക്ഷന്‍ മാര്‍ക്ക് കെല്ലി വ്യക്തമാക്കി. ഗൈഡഡ് യുദ്ധോപകരണങ്ങള്‍, ജെഡിഎഎമ്മുകള്‍ എന്നിവയുടെ കൂടുതല്‍ ഉപയോഗം ഉണ്ടെന്നും തങ്ങള്‍ ആ ആയുധങ്ങള്‍ നല്‍കുന്നത് തുടരുന്നുവെന്നും കെല്ലി പറഞ്ഞു. അതേസമയം, ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറായിട്ടില്ല.
ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഹിസ്ബുള്ള ഗ്രൂപ്പിന്റെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് നസ്റല്ലയെ ഇല്ലാതാക്കിയത്. ഇസ്രായേലിന്റെ ദീര്‍ഘകാല സഖ്യകക്ഷിയും ഏറ്റവും വലിയ ആയുധ വിതരണക്കാരുമാണ് യുഎസ്.