ഒക്ടോബ‍ർ-ഓഗസ്റ്റ്, ചോരക്കളമായി ഗാസ, 10 മാസത്തിനിടെ ഇസ്രയേൽ കൊന്നൊടുക്കിയത് 40000 ത്തിലധികം പേരെ, എന്ന് തീരും ഈ യുദ്ധം

ഗാസ: ലോകത്തിന് മുന്നിൽ ചോരക്കളമായി നിൽക്കുകയാണ് ഗാസ. 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേൽ ആക്രമണം 10 മാസം പിന്നിട്ട് 2024 ഓഗസ്റ്റിൽ എത്തിനിൽക്കുമ്പോൾ കഴിഞ്ഞ പത്ത് മാസത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാൽപതിനായിരം കടന്നു എന്നാണ് റിപ്പോർട്ട്. ഏകദേശം ഒരുലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ മരിച്ചവരിൽ 16,000 ൽ അധികം പേരും കുട്ടികളാണെന്നാണ് മറ്റൊരു സത്യം. പതിനായിരത്തിലധികം ആളുകളെ കാണാതായിട്ടുമുണ്ട്. 23 ലക്ഷമായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണത്തിന് മുമ്പ് ഗാസയിലെ ജനസംഖ്യ. ഇതിന്‍റെ രണ്ട് ശതമാനത്തിൽ അധികം ആളുകൾക്കും ഇസ്രയേൽ നടത്തിയ കര, വ്യോമ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായാത് ഗാസയിലെ അമ്പതിൽ ഒരാൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നതാണ് കണക്ക്.

വെസ്റ്റ് ബാങ്കിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തുന്നുണ്ട്. അവിടെ ഇതുവരെ മരിച്ചത് 632 പേരാണ്. 5400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ തിരിച്ചടിയിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടിടുണ്ട്. മനുഷ്യക്കുരുതിക്ക് പുറമെ ഗാസയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങളും ആക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും നാമാവശേഷമായ സ്ഥിതിയിലാണ്. ഇപ്പോൾ റഫ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിടുന്നത്. തെക്കൻ നഗരമായ ഇവിടെയും കാര്യമായ ആൾനാശം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മനുഷ്യ ജീവനുകൾ കവർന്നെടുക്കുന്ന ഈ യുദ്ധം എന്ന് തീരും എന്നറിയാനാണ് ലോകം ഇപ്പോൾ ഗാസയിലേക്ക് ഉറ്റുന്നോക്കുന്നത്.

More Stories from this section

family-dental
witywide