ടെഹ്‌റാൻ: ശനിയാഴ്ച പുലർച്ചെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ലഭ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിച്ചായിരിക്കും പ്രത്യാക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായേല്‍ ബാഗേയി അറിയിച്ചു.
പ്രത്യാഘാതങ്ങള്‍ കയ്‌പേറിയതായിരിക്കുമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിലെ(ഐആർജിസി) മുതിർന്ന കമാൻഡർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഐആർജിസി കമാൻഡർ ഹുസൈൻ സലാമിയും മുന്നറിയിപ്പ് നല്‍കി. സങ്കല്‍പിക്കാനാകാത്ത പ്രത്യാഘാതമായിരിക്കും ഇസ്രായേല്‍ അനുഭവിക്കേണ്ടിവരികയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ഇസ്രായേലിന് അവരുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായിട്ടില്ല. ഗസ്സയിലും ലബനാനിലുമുള്ള ഇസ്‌ലാമിക പ്രതിരോധ മുന്നണിയോട് ഏറ്റുമുട്ടി നില്‍ക്കാനാകാത്തതിന്റെ നിരാശയും പിഴച്ച കണക്കുകൂട്ടലുകളുമാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ആക്രമണം കാണിക്കുന്നതെന്നും ഹുസൈൻ സലാമി പറഞ്ഞു.
അതിനിടെ, ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് മുൻകൂട്ടി ഇറാനു വിവരം നല്‍കിയതായുള്ള റിപ്പോർട്ടുകള്‍ ഇസ്രായേല്‍ തള്ളി.