ജറുസലം: വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് റിപ്പോര്‍ട്ടുണ്ട്. ബെയ്റ്റ് ലഹിയ പട്ടണത്തിലെ കെട്ടിടസമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപമുള്ള നിരവധി വീടുകളും ആക്രമണത്തില്‍ തകര്‍ന്നു.
ഗാസയില്‍ ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശനിയാഴ്ച ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. ബൈയ്ത് ലഹിയയിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു.
ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിന്‍വറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകള്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്നു വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നായിരുന്നു ലഘുലേഖകളില്‍ ഉണ്ടായിരുന്നത്.
അതേസമയം, ആയുധം വച്ച് കീഴടങ്ങുന്നവരെയും ബന്ദികളായ ഇസ്രയേലുകാരെ വിട്ടയയ്ക്കുന്നവരെയും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുമെന്നും ലഘുലേഖയിലൂടെ ഇസ്രയേല്‍ വ്യക്തമാക്കി.
നേരത്തെ, യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു നേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. എന്നാല്‍ ഇത് ഗുരുതരമായ തെറ്റാണെന്നും വിജയം കാണാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു.