
ന്യൂഡല്‍ഹി: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 16,00 ലധികം പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡറായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, യു.എന്‍. ഇന്ററിം ഫോഴ്‌സ് ഇന്‍ ലെബനന്‍ തലവന്‍ ജനറല്‍ അറോള്‍ഡോ ലസാറോ ഇരുഭാഗങ്ങളേയും ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലി ആക്രമണങ്ങള്‍ രാജ്യത്തുടനീളം വ്യാപകമായ അരാജകത്വത്തിന് കാരണമാവുകയും ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സമ്പൂര്‍ണ്ണ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. അതിനാല്‍ തെക്കന്‍, കിഴക്കന്‍ ലെബനന്‍ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ നിരവധി ആളുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന (UNIFIL) തെക്കന്‍ ലെബനനില്‍ താമസിക്കുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സുരക്ഷയിലും ‘ഗുരുതരമായ ഉത്കണ്ഠ’ പ്രകടിപ്പിക്കുകയും നയതന്ത്ര പരിഹാരത്തിനുള്ള ശക്തമായ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു.