ന്യൂഡല്‍ഹി: ദമാസ്‌കസിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇസ്രായേല്‍ അധിനിവേശ സിറിയന്‍ ഗോലാന്റെ ദിശയില്‍ നിന്ന് ഡമാസ്‌കസിനടുത്തുള്ള ഒരു സൈറ്റ് ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയത്.
അതേസമയം, ആക്രമണത്തോട് പ്രതികരിച്ച ഇസ്രായേല്‍, സിറിയയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ തങ്ങളുടെ ബദ്ധശത്രുവായ ഇറാനെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു.
2011ല്‍ വടക്കന്‍ അയല്‍രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേല്‍ സൈന്യം സിറിയയില്‍ നൂറുകണക്കിന് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്, പ്രധാനമായും സൈനിക സ്ഥാനങ്ങളെയും ഇറാന്‍ പിന്തുണയുള്ള പോരാളികളെയും ലക്ഷ്യമിട്ടായിരുന്നു അവ. എന്നാല്‍ ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ ഇറാന്‍ പിന്തുണയുള്ള ഫലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധത്തിന് ശേഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.