ഖാന്‍ യൂനിസില്‍ അഭയാര്‍ത്ഥി കൂടാരങ്ങള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം; 40 മരണം, 60 പേര്‍ക്ക് പരുക്ക്

ഗാസസിറ്റി: പലസ്തീനിലെ പ്രധാന തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ അല്‍-മവാസിയില്‍ ജനങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി ചൊവ്വാഴ്ച പുലര്‍ച്ചെ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ 60 പേരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ മുഗൈര്‍ പറഞ്ഞു.

ഖാന്‍ യൂനിസിലെ മവാസിയില്‍ അഭയാര്‍ത്ഥികളുടെ കൂടാരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും 15 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഫലമായി പ്രദേശത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ കൂട്ടക്കൊല എന്നു വിളിച്ച ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് പല കുടുംബങ്ങളും മണ്ണിനടിയിലാണെന്നും ആഴത്തിലുള്ള കുഴികളിലേക്ക് പതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ഖാന്‍ യൂനിസിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഹമാസ് ഭീകരരുമുണ്ടെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഹമാസ് ഇതിനെതിരെ രംഗത്തെത്തുകയും തങ്ങളുടെ പോരാളികള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.