ന്യൂഡല്‍ഹി: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയാണ് വിവരം പുറത്തുവിട്ടത്. ഇതോടൊപ്പം ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ജൗവയ്യ പട്ടണത്തില്‍ ആക്രമണം ഉണ്ടായതായും മറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും സ്രോതസ്സ് പറഞ്ഞു.
1969-ല്‍ ജനിച്ച അബു തലേബ് എന്ന സമി അബ്ദുള്ളയാണ് കൊല്ലപ്പെട്ട കമാന്‍ഡര്‍ എന്നാണ് വിവരം. അദ്ദേഹത്തിന്റെ മരണം ‘വളരെ അഭിമാനത്തോടെയും വലിയ ബഹുമാനത്തോടെയുമുള്ളതെന്നാണ് ഹിസ്ബുള്ള’ പുറത്തുവിട്ടത്. ലെബനീസ് അതിര്‍ത്തിയില്‍ അക്രമത്തിന് ആക്കം കൂട്ടിയ ഇസ്രായേലും ഗാസയിലെ ഫലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ കൊല്ലപ്പെട്ട ഹിസ്ബുള്ളയിലെ ഏറ്റവും പ്രധാനപ്പെട്ട കമാന്‍ഡറാണ് അബു തലേബ് എന്ന് ലെബനന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹിസ്ബുള്ളയും ഇസ്രായേല്‍ സേനയും തമ്മിലുള്ള അതിര്‍ത്തിയില്‍ വെടിവയ്പ്പ് ശക്തമായിരുന്നു. എഎഫ്പി കണക്കനുസരിച്ച്, അതിര്‍ത്തിക്ക് ചുറ്റുമുള്ള ഏറ്റുമുട്ടലില്‍ ലെബനനില്‍ 458 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 15 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.