ഗാസയെ കരയിച്ച് വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, ജനവാസകേന്ദ്രത്തിലെ ആക്രമണത്തിൽ 25 കുട്ടികളടക്കം നൂറിലേറെ പേർ കൊല്ലപ്പെട്ടു

ഗാസ: വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടെന്ന് റിപ്പോ‍ർട്ട്. ജനവാസ കേന്ദ്രമായ ബെയ്ത്ത് ലാഹിയയിലെ അഞ്ചുനില കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 25 കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. കുറേയധികം ദിവസങ്ങളായി ഈ മേഖല കേന്ദ്രീകരിച്ച് വലിയ രീതിയിൽ ഇസ്രയേലിന്‍റെ ആക്രമണങ്ങളുണ്ടായിരുന്നു.

ഏറ്റവും ഒടുവിലെ ആക്രമണം നടക്കുന്ന സമയം കെട്ടിടത്തിൽ 300നും 400നുമിടയിൽ ആളുകൾ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. രാത്രിയായതിനാൽ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും. 109 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക സ്ഥിരീകരണം. അമ്പതോളം പേരെ കാണാതായതായും 150 പേർക്ക് പരിക്കേറ്റതായുമാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം പറയുന്നത്.

വേണ്ടത്ര ചികിത്സ കിട്ടാതെയാണ് ബെയ്ത്ത് ലാഹിയ ആക്രമണത്തിൽ മിക്കവരും മരിച്ചതെന്നാണ് ഗസ്സയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ആരോഗ്യകേന്ദ്രങ്ങളെല്ലാം ഇസ്രായേൽ നേരത്തേ തന്നെ തകർത്തിരുന്നു. വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ സൗകര്യങ്ങളൊന്നും തന്നെയില്ലെന്ന് കമാൽ അഡ്വാൻ ആശുപത്രിയി ഡയറക്ടർ ഡോ.ഹുസ്സാം അബു സഫിയ സ്ഥിരീകരിക്കുന്നുമുണ്ട്. ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപെട്ടവർക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തുകയും ചെയ്തതായി ഇദ്ദേഹം പറയുന്നു.

More Stories from this section

family-dental
witywide