ടെൽഅവീവ്: ശനിയാഴ്ച നടത്തിയ ആക്രമണത്തിന് ഇറാന്‍റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടായേക്കാമെന്ന ഭയത്തിൽ ഇസ്രയേൽ. ഈ സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര തീരുമാനമെടുത്തയായി റിപ്പോർട്ട്. ഇറാൻ ആക്രമണം ഭയന്ന് ഇസ്രായേൽ മന്ത്രിസഭ യോഗം ഇനി പ്രധാനമന്ത്രിയുടെ ഓഫിസിലോ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ആസ്ഥാനത്തോ ചേരില്ലെന്ന തീരുമാനത്തിലാണ് ബെഞ്ചമിൻ നെതന്യാഹു എന്നാണ് വിവരം.
സുരക്ഷാ ആശങ്കകൾ കാരണമാണ് പുതിയ തീരുമാനമെന്ന് ഇസ്രായേലിലെ ഹീബ്രു മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രഹസ്യ കേന്ദ്രങ്ങളിൽ വച്ചാകും ഇനി മുതൽ ക്യാബിനറ്റ് യോഗങ്ങൾ ചേരുകയെന്ന പുതിയ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വന്നതായി ഇസ്രായേലി മാധ്യമമായ ‘കാൻ’ പബ്ലിക് ബ്രോഡ്‌കാസ്റ്റടക്കം പറയുന്നുണ്ട്. ഇസ്രയേലിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വസതിയിലും സർക്കാർ ആസ്ഥാനങ്ങളിലും ഹിസ്ബുല്ലയും ഇറാനും ആക്രമണ നടത്തിയേക്കാമെന്ന ആശങ്കയിലാണ് തീരുമാനമെന്നാണ് വിവരം.
ക്യാബിനറ്റ് യോഗങ്ങളക്കം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ എന്തായാലും സ്ഥിരമായി ഒരിടത്ത് നടത്തില്ലെന്ന തീരുമാനത്തിലാണ് ഇസ്രയേൽ. നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയടക്കം കഴിഞ്ഞ ദിവസംഡ്രോൺ ആക്രമണം നടന്നിരുന്നു. നെതന്യാഹുവിന്‍റെ കിടപ്പുമുറിയിലെ ജനലിലേക്ക് വരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു.