ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ക്കായി ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലിന്റെ ഭാഗമായി 20 പലസ്തീനിയന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 200 പേര്‍ കസ്റ്റഡിയിലാകുകയും ചെയ്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഹമാസ് ഭരിക്കുന്ന പ്രദേശത്തെ ഏറ്റവും വലിയ മെഡിക്കല്‍ സെന്ററായ അല്‍-ഷിഫ രോഗികളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും തിങ്ങിപ്പാര്‍ക്കുന്ന ഒരു സമുച്ചയമാണിപ്പോള്‍. ഇതിനു സമീപം സൈനികര്‍ വ്യോമാക്രമണങ്ങളും നടത്തിയാണ് തിരച്ചില്‍ നടത്തിയത്. ഓപ്പറേഷനില്‍ 200-ലധികം ഭീകരരെ പിടികൂടിയിട്ടുണ്ടെന്നും അവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
മരിച്ചവരില്‍ ഹമാസ് ആഭ്യന്തര സുരക്ഷാ ഓര്‍ഗനൈസേഷനിലെ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ തലവനായ ഫയ്ഖ് അല്‍-മഭൂഹും ഉള്‍പ്പെടുന്നുവെന്നും ഹഗാരി പറഞ്ഞു. സേനയിലെ ഒരു ബ്രിഗേഡിയര്‍ ജനറലായിരുന്നു മബൂഹ് എന്ന് അയാളുടെ മരണം സ്ഥിരീകരിച്ച ഗാസ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ സ്ഥാപകരിലൊരാളായ മഹമൂദ് അല്‍-മഭൂഹിന്റെ സഹോദരനാണ് ഫയ്ഖ് അല്‍-മഭൂഹ് എന്നാണ് വിവരം. 2010-ല്‍ ദുബായില്‍ വെച്ച് മഹമൂദ് അല്‍-മഭൂഹ് കൊല്ലപ്പെട്ടിരുന്നു.
കമാന്‍ഡര്‍മാരുള്‍പ്പെടെയുള്ള ഹമാസ് തീവ്രവാദികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. അതേസമയം, ഹമാസും മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും ഉപയോഗിച്ചിരുന്ന അല്‍-ഷിഫയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും പണവുമാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ തിങ്കളാഴ്ച ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസയിലെ മിക്ക ആശുപത്രികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.
Israeli forces attack Gaza hospital again ; 20 killed, 200 in custody