യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക്

ഹൊദൈദ: ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തുറമുഖമായ ഹൊദൈദയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ടെല്‍ അവീവിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേല്‍ ഹുദൈദ തുറമുഖം ആക്രമിച്ചത്.

ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് തീപിടിച്ചതായുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. തുറമുഖത്ത് വന്‍തോതില്‍ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് രംഗത്തെത്തി. ഇസ്രയേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ടെന്നും ഹൂതികള്‍ വീണ്ടും ആക്രമണത്തിന് തുനിഞ്ഞാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള മറ്റുസായുധസംഘങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഹുദൈദയിലെ ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ ദ്രോഹിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെയും പ്രതികരിച്ചു.

More Stories from this section

family-dental
witywide