ഹിസ്ബുള്ളക്ക്‌ വീണ്ടും തിരിച്ചടി, ഹിസ്ബുള്ള ആസ്ഥാനത്തെ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേല്‍

ജെറുസലേം: ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഹിസ്ബുല്ല ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സുഹൈല്‍ ഹുസൈനി ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് യൂണിറ്റ് തലവൻ കൂടിയായിരുന്നു സുഹൈൽ ഹുസൈനി.

തിങ്കളാഴ്ച ബെയ്റൂട്ട് ഏരിയയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുഹൈൽ ഹുസൈനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടത്. ബെയ്‌റൂട്ടിലെ ഒരു കോമ്പൗണ്ടിൽ നടത്തിയ ആക്രമണത്തിൽ ഹുസൈനി കൊല്ലപ്പെട്ടെന്നാണ് ഓപ്പറേഷൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ഐ ഡി എഫ് പറഞ്ഞത്. രാത്രി ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്തേയ്ക്ക് ആയിരുന്നു വ്യോമാക്രമണം. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആക്രമണം എന്ന് ഇസ്രായേൽ സേന എക്‌സിലൂടെ അറിയിച്ചു. എന്നാൽ ഹിസ്ബുള്ളയിൽ നിന്ന് ഇകാര്യത്തിൽ ഇതുവരെ പ്രതികരണമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മൂന്ന് ഉന്നത നേതാക്കളെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നേതാവിനെ വധിച്ചിരിക്കുന്നത്. ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ വധിച്ചതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.