ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ച എന്നിവയുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് ഖത്തര്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഗാസയിലെ ബന്ദികളെ കുറിച്ച് ഇസ്രായേല്‍ പ്രതിഷേധക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ ബന്ദികളാക്കിയവരെ തിരികെ എത്തിക്കാന്‍ ഇനിയുള്ള ശ്രമങ്ങളെക്കുറിച്ചും പ്രിയപ്പെട്ടവരെ എന്ന് കാണാനാകും എന്നോര്‍ത്തും ഇസ്രയേലില്‍ പ്രതിഷേധം അലയടിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഖത്തറിന്റെ തീരുമാനം എത്തിയതോടെ ടെല്‍ അവീവില്‍ പ്രതിഷേധ റാലി നടത്തിയത്.
ഇരുവിഭാഗങ്ങളും ആത്മാര്‍ഥമായല്ല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തറിന്റെ പിന്മാറ്റം. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവര്‍ത്തിക്കില്ലെന്നും ഹമാസിനെ ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ”ആത്മാര്‍ഥതയോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രണ്ടുപക്ഷവും തയാറാകാത്തിടത്തോളം മധ്യസ്ഥ ചര്‍ച്ചയില്‍ തുടരാനാവില്ലെന്ന് ഇസ്രയേലിനെയും ഹമാസിനെയും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.” ഖത്തര്‍ നയതന്ത്ര വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. യുഎസിനെയും പിന്മാറ്റ വിവരം ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ബന്ദിമോചനത്തിനും വെടിനിര്‍ത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവര്‍ക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.