സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൻ്റെ മെസുസയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്‌ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.
ഇതിന് മുമ്പ് മധ്യ സിറിയയിൽ നടന്ന മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. സിറിയയുടെ കെമിക്കൽ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട സൈനിക ഗവേഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആക്രമണത്തെ അപലപിച്ച് സിറിയയുടെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. നടന്നത് ക്രിമിനൽ ആക്രമണം ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചു. അതേസമയം വിദേശ മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിക്കാനില്ലെന്നായിരുന്നു ഇസ്രയേലി സൈന്യം അന്ന് പറഞ്ഞത്.