ഗാസ: ഇസ്രയേൽ സൈന്യം തിങ്കളാഴ്ച ഗാസ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ നിന്ന് പിൻവാങ്ങി. പ്രത്യേക സേനയുടെ രണ്ടാഴ്ചത്തെ ഓപ്പറേഷനുശേഷം നൂറുകണക്കിന് പലസ്തീനികളെ കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് പിന്മാറ്റം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിൽ നിന്ന് സൈന്യത്തെ പിന്‍വലിച്ചതായി ഇസ്രയേല്‍ തിങ്കളാഴ്ച അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റ രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ നടത്തിയ റെയ്ഡ് യുദ്ധക്കുറ്റമാണെന്ന് പലസ്തീൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. അതേസമയം ദുർബലരായ സാധാരണക്കാർക്കിടയിൽ കരുതിക്കൂട്ടി തമ്പടിച്ച ഹമാസിൻ്റെ ശക്തികേന്ദ്രത്തിന് നേരെ പ്രത്യേക സേന യൂണിറ്റുകൾ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തിയതായി ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയില്‍ സംശയമുള്ള 900 പേരെ പിടികൂടിയതായും അതില്‍ 500-ലധികം പേര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും സൈന്യം സ്ഥിരീകരിച്ചു. ആയുധധാരികളായ 200-പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിലും തടവിലാക്കപ്പെട്ടവരിലും ഹമാസിലേയും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദി (പി.ഐ.ജി) ലേയും ഉന്നത കമാന്‍ഡര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.