യുദ്ധാനന്തര ഗാസ പദ്ധതിക്ക് അംഗീകാരം നല്‍കാതെ നെതന്യാഹു : ഇസ്രായേല്‍ യുദ്ധ കാബിനറ്റ് മന്ത്രി രാജിവെച്ചു

ജറുസലേം: ഗാസയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സര്‍ക്കാരിനും ആഭ്യന്തര സമ്മര്‍ദ്ദം ചെലുത്തി ഇസ്രായേല്‍ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് രാജിവച്ചു. ഗാസയുടെ യുദ്ധാനന്തര പദ്ധതിക്ക് നെതന്യാഹു അംഗീകാരം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്‍ ജനറലും പ്രതിരോധ മന്ത്രിയും എമര്‍ജന്‍സി ബോഡിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്.

എട്ട് മാസമായി തുടരുന്ന ഫലസ്തീനിയന്‍ ഹമാസ് പോരാളികള്‍ക്കെതിരായ ഗാസ യുദ്ധത്തില്‍ നെതന്യാഹുവിന് ലഭിച്ച ആദ്യത്തെ വലിയ രാഷ്ട്രീയ പ്രഹരമാണിത്. നെതന്യാഹു തന്റെ വലതുപക്ഷ പങ്കാളികളെ കൂടുതല്‍ ആശ്രയിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ സൈനിക മേധാവിയും ഗാന്റ്സിന്റെ പാര്‍ട്ടി അംഗവുമായ ഗാഡി ഐസെന്‍കോട്ടും അദ്ദേഹത്തിനു പിന്നാലെ യുദ്ധമന്ത്രിസഭയില്‍ നിന്ന് പുറത്തുപോയി. ‘ഒരു യഥാര്‍ത്ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഞങ്ങളെ തടയുന്നു. അതിനാലാണ് ഞങ്ങള്‍ ഇന്ന് അടിയന്തര സര്‍ക്കാരില്‍ നിന്ന് ഹൃദയ ഭാരത്തോടെ വിടവാങ്ങുന്നതെന്ന്’ ഗാന്റ്‌സ് പറഞ്ഞു.

‘ബെന്നി, ഇത് യുദ്ധം ഉപേക്ഷിക്കാനുള്ള സമയമല്ല, ഇത് സേനയില്‍ ചേരാനുള്ള സമയമാണെന്നാണ് നെതന്യാഹുവിന്റെ മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ പ്രതികരണം. ശനിയാഴ്ച, ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് നാല് ബന്ദികളെ രക്ഷപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം, രാജിവെക്കരുതെന്ന് നെതന്യാഹു ഗാന്റ്‌സിനോട് ആവശ്യപ്പെട്ടിരുന്നു.

ഗാസയുടെ യുദ്ധാനന്തര ഭരണത്തിനുള്ള ഒരു പദ്ധതി ഏകീകരിക്കുകയും ജൂണ്‍ 8നകം അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ നാഷണല്‍ യൂണിറ്റി പാര്‍ട്ടി സഖ്യ സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്നും ബെന്നി ഗാന്റ്‌സ് മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി.