‘ഗാസ മുനമ്പില്‍ യുദ്ധാനന്തര പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ രാജിവെക്കും’, ഭീഷണിയുമായി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി, നടക്കില്ലെന്ന് നെതന്യാഹു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ മുനമ്പില്‍ യുദ്ധാനന്തര പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന ഭീഷണിയുമായി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്. ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നതും പ്രദേശത്തിനായി ഒരു ബഹുരാഷ്ട്ര സിവിലിയന്‍ ഭരണകൂടം സ്ഥാപിക്കുന്നതും ഉള്‍പ്പെടെ ആറ് ‘തന്ത്രപരമായ ലക്ഷ്യങ്ങള്‍’ കൈവരിക്കുന്നതിനുള്ള പദ്ധതി ജൂണ്‍ 8ന് മുമ്പായി നടപ്പാക്കണമെന്നാണ് ഗാന്റ്‌സിന്റെ ആവശ്യം. ഗാസയില്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെട്ടവരേയും സെപ്തംബര്‍ 1-ന് വടക്കന്‍ ഗാസയിലേക്ക് കുടിയിറക്കപ്പെട്ട പലസ്തീനിയന്‍ സിവിലിയന്മാരെയും തിരികെ കൊണ്ടുവരിക എന്നതും അദ്ദേഹം മുന്നോട്ടുവെച്ച ആറ് തന്ത്രപ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, നെതന്യാഹു അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഗാസ മുനമ്പിന്റെ രണ്ടറ്റത്തും പോരാട്ടം രൂക്ഷമായതോടെ, ഗാസയുടെ ചരിത്രപരമായ അഭയാര്‍ത്ഥി ക്യാമ്പുകളിലും ഗാസ സിറ്റിക്ക് സമീപമുള്ള ജബാലിയയിലേക്കും ഇസ്രായേല്‍ സൈന്യം നീങ്ങുന്ന സാഹചര്യത്തിലാണ് യുദ്ധത്തിന്റെ ദിശയെ ചൊല്ലി രാഷ്ട്രീയ ഭിന്നത വര്‍ദ്ധിച്ചുവരുന്നത്.

ഗാസയില്‍ സിവിലിയന്‍, സൈനിക ഭരണം ഏറ്റെടുക്കാന്‍ ഇസ്രായേലിന് പദ്ധതിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മറ്റൊരു യുദ്ധ കാബിനറ്റ് അംഗമായ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നെതന്യാഹുവിനെ പ്രേരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഗാന്റ്സിന്റെ അഭിപ്രായങ്ങള്‍ എത്തിയത്. മാസങ്ങളായി താന്‍ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഗാലന്റ് പറഞ്ഞു.

ഗാസയില്‍ സൈനിക നിയന്ത്രണം നിലനിര്‍ത്തുന്നത് ഇസ്രായേലിന്റെ സുരക്ഷാ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് യോവ് ഗാലന്റും ഗാന്റ്സും പറയുന്നു. അതേസമയം നെതന്യാഹുവിന്റെ സര്‍ക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹമാസിനെ പരാജയപ്പെടുത്തുന്നതിന് തുടര്‍ച്ചയായ നിയന്ത്രണം ആവശ്യമാണെന്ന നിലപാടിലാണ്.

ശനിയാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍, ‘ഇസ്രായേല്‍ ജനത നിങ്ങളെ നിരീക്ഷിക്കുന്നു’ എന്ന് ഗാന്റ്‌സ് നെതന്യാഹുവിനോട് പറഞ്ഞു. മാത്രമല്ല, ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരെ സ്വതന്ത്ര ലോകവുമായും പാശ്ചാത്യരാജ്യങ്ങളുമായും ഒരു സഖ്യം സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പ്രക്രിയയുടെ ഭാഗമായി സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞത്, ഗാന്റ്സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ‘യുദ്ധത്തിന്റെ അവസാനത്തിനും ഇസ്രായേലിന് പരാജയത്തിനും ഇടയാക്കുമെന്നാണ്.

More Stories from this section

family-dental
witywide