അമേരിക്കയുടെയടക്കം സമാധാന ശ്രമങ്ങൾക്കിടെ ഗാസയിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം, 24 മണിക്കൂറിൽ 31 മരണം

അമേരിക്കയുടെയടക്കം സമാധാന ശ്രമങ്ങൾക്കിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 24 മണിക്കൂറിൽ 31 മരണം. ഇതില്‍ 22 മരണം സംഭവിച്ചിരിക്കുന്നത് ഗാസ മുനമ്പിന്‌റെ മധ്യ, തെക്ക് ഭാഗങ്ങളിലായാണ്. ഗാസയിലെ ജനസാന്ദ്രതയേറിയ അഭയാര്‍ഥി ക്യാമ്പുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. ബുറെജ് അഭയാര്‍ഥ് ക്യാമ്പിലെ അപ്പാര്‍ട്ടമെന്‌റില്‍ ഒരമ്മയും മകനുമാണ് കൊല്ലപ്പെട്ടത്. നുസെറാത്ത് അഭയാര്‍ഥി ക്യാമ്പിനു നേരേയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ എട്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ അഭയം പ്രാപിച്ച സ്‌കൂളിന് നേരേയും ഇസ്രയേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണമുണ്ടായി. തെക്കന്‍ ലെബനനിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതിനുശേഷം ഇസ്രയേലിന്റെ മാനുഷിക മൂല്യങ്ങളുടെ നഗ്‌നമായ ലംഘനത്തെ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അപലപിച്ചു.

തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന നിരവധി കെട്ടിടങ്ങള്‍ തങ്ങളുടെ യുദ്ധവിമാനം ആക്രിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഐതറൗണ്‍, മറൂണ്‍ അല്‍-റാസ്, യറൂണ്‍ എന്നിവിടങ്ങളിലെ സൈറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.